Kerala
കൊച്ചി: മുനമ്പം വിഷയത്തിൽ അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് എടുത്തത്.
വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. അതേസമയം ഡിവിഷൻ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു.
സർക്കാരിന്റെ അപ്പീലിലായിരുന്നു ഹർജി. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. തുടർന്ന് ഇതിനെതിരേ അപ്പീൽ പോവുകയായിരുന്നു.
Kerala
കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മുനമ്പം ജുഡീഷല്‍ കമ്മീഷന് നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഹർജിക്കാർക്ക് ലോക്കൽ സ്റ്റാൻഡി ഇല്ലെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, ജുഡീഷല്‍ കമ്മീഷൻ ശിപാർശകളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു.
ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന് നിയമനം റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വർണപ്പാളിയിലെ സ്വർണം കവർന്നെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. 1.5 കിലോ സ്വർണമാണ് ദ്വാരപാലക ശില്പത്തിൽ ഉണ്ടായിരുന്നു. 2019 ജൂലൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം തിരിച്ചെത്തിയപ്പോൾ അതിൽ 394ഗ്രാം സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിജിലൻസ് വ്യക്തമാക്കുന്നു.
അന്ന് വിജയ് മല്യ നൽകിയ സ്വർണം എട്ട് സൈഡ് പാളികളിലായി നാലുകിലോയാണ് പൊതിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ രണ്ട് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. ഈ പാളികളിൽ എത്ര സ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിർണായകമായത്. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശില്പങ്ങളുടെ വിവരം ചോദിച്ച് ഇമെയിൽ അയച്ചിരുന്നു. മെയിൽ അയച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ദ്വാരപാലക ശില്പം കൈമാറിയെന്നും ഈ സന്ദേശത്തിൽ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും വിജിലൻസ് പറയുന്നു.
കൂടാതെ നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ സ്വർണപ്പാളിയിൽ വ്യത്യാസമുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. 2019ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഈ നിഗമനത്തിലെത്തിയത്.
Kerala
കൊച്ചി: റോഡിലെ സീബ്രാ ക്രോസിംഗുകള്‍ ശാസ്ത്രീയമായി നിര്‍ണയിച്ച സ്ഥലത്താണുള്ളതെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
പ്രധാന നഗരങ്ങളിലെ സീബ്രാ ക്രോസിംഗുകൾ ശരിയായ വിധമാണെന്ന് ഉറപ്പാക്കാനാണു നിർദേശിച്ചിരിക്കുന്നത്. ട്രാഫിക് ലൈറ്റുകള്‍ കാല്‍നടയാത്രക്കാര്‍ക്കും ബാധകമാക്കണമെന്നും നിര്‍ദേശിച്ചു.
ട്രാഫിക് ഐജി, ട്രാൻസ്പോർട്ട് കമ്മീഷണര്‍, പൊതുമരാമത്ത് സെക്രട്ടറി എന്നിവര്‍ക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാനായി ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ 23ന് മൂന്ന് ഉദ്യോഗസ്ഥരും ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
Kerala
കൊച്ചി: ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃശൂര്‍ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ തസ്തികയില്‍ ഭിന്നശേഷിക്കാരിയെ പുനഃസ്ഥാപിക്കണമെന്ന ഇടക്കാല നിര്‍ദേശം പാലിക്കാത്തതിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശനം നടത്തിയിരുന്നു.
സെക്രട്ടറി സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ മന്ത്രിസഭയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് സൂചിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് കോടതി വിര്മശനമുന്നയിച്ചത്. കോടതി ഉത്തരവുള്ളപ്പോള്‍ മന്ത്രിസഭയുടെ തീരുമാനമെന്തിനെന്ന് വിശദീകരിക്കാന്‍ തദ്ദേശ സ്ഥാപന സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമയോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേന ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.
ഭിന്നശേഷി കമ്മീഷന്, ഹൈക്കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയതായി സ്പെഷല്‍ സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തരവ് നടപ്പാക്കാത്തതെന്നും വിശദീകരിച്ചു. ഈ നടപടിയെ വിമര്‍ശിച്ച കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാനായി മാറ്റുകയായിരുന്നു.
പാര്‍ട്ട് ടൈം ലൈബ്രേറിയനായിരുന്ന ഹര്‍ജിക്കാരിയെ ഓണറേറിയം അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് മാറ്റിയ നടപടി പിന്‍വലിച്ച് ആദ്യ തസ്തികയില്‍ തുടരാന്‍ അനുവദിക്കണമെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവും പിന്നീട് ഇത് നടപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവും പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
Kerala
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥന് ഡോ.ബി. അശോക് നല്കിയ ഹര്‍ജിയില്‍ ഗവര്‍ണറെ കക്ഷി ചേര്ത്തതിലടക്കം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി ) വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
അശോകിന്റെ സ്ഥലം മാറ്റം തടഞ്ഞ സിഎടി ഉത്തരവിട്ടതിനെതിരേ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണു വിഷയം തുടര്‍ച്ചയായി പരിഗണിച്ച് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
ഒരേ കാര്യത്തില്‍ സമാന്തര നിയമനടപടി അഭികാമ്യമല്ലെന്നു വിലയിരുത്തിയ ഡിവിഷന് ബെഞ്ച് ട്രൈബ്യൂണലിന്റെ അന്തിമ തീരുമാനം എന്താണെന്ന് അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ട്രൈബ്യൂണല്‍ വിഷയം പരിഗണിച്ചു.
ഗവര്‍ണറെ കക്ഷി ചേര്ത്തതിലടക്കം സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചു. ട്രൈബ്യൂണലില്‍ ഇന്നും വാദം തുടരും. സ്ഥലം മാറ്റം ചോദ്യം ചെയ്തു ബി.അശോക് നല്കിയ ഹര്‍ജിയില്‍ ഗവര്‍ണറെ കക്ഷി ചേര്‍ത്തതടക്കം തെറ്റാണെന്നാണു സര്‍ക്കാരിന്റെ വാദം.
Kerala
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച്എഐ അറിയിച്ചിരുന്നത്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാതാ അഥോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അഥോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
കൊച്ചി: തെരുവുനായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമ വിദ്യാര്‍ഥിനി കീര്‍ത്തന സരിന് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാകുമോ എന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്കാനാകുമോ എന്നതിലും തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരണം നല്‍കും.
മേയ് 31ന് ഹര്‍ജിക്കാരിക്ക് തെരുവുനായയുടെ കടിയേറ്റു. തുടര്‍ന്ന് തെരുവുനായകളെ നിയന്ത്രിക്കാന്‍ നടപടിയാവശ്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തെരുവുനായകളുടെ വന്ധ്യംകരണം ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: തൃശൂര്‍ എംജി റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോഴുണ്ടായ അപകടത്തെത്തുടര്‍ന്ന് ഫാര്‍മസി ജീവനക്കാരന് വിഷ്ണുദത്ത് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. അധികൃതര്‍ അവരുടെ ജോലിയും കടമകളും കൃത്യമായി നിര്‍വഹിക്കാത്തതിനാല്‍ ഒരു കുടുംബം തകര്‍ന്നുവെന്നത് വേദനാജനകമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
അധികൃതരുടെ അലംഭാവത്തിന് ഒരു യുവാവിന്റെ ജീവനാണു ബലികൊടുക്കേണ്ടി വന്നത്. അമ്മ അതീവ ഗുരുതരാവസ്ഥയിലും കഴിയുന്നു. റോഡുകളുടെ മോശം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ നിരന്തരം കോടതി ഉത്തരവുണ്ടായിട്ടും അധികൃതര്‍ ലാഘവത്തോടെ എടുക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പിനോടും തൃശൂര്‍ കോര്‍പറേഷനോടും വിശദീകരണം തേടിയ കോടതി ഹര്‍ജി വീണ്ടും ജൂലൈ മൂന്നിന് പരിഗണിക്കാന്‍ മാറ്റി. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ റോഡിന്റെ ബന്ധപ്പെട്ട എന്‍ജിനിയര്‍മാരും ഉദ്യോഗസ്ഥരുമാണ് ഉത്തരവാദികളെന്ന് പലവട്ടം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവരാണ് ഇതിനു മറുപടി നല്‍കേണ്ടത്.
ഈ സംഭവം തൃശൂരാണു നടന്നതെങ്കിലും കൊച്ചിയിലടക്കം എവിടെയും ആവര്‍ത്തിക്കാനിടയുണ്ട്. വെള്ളം നിറഞ്ഞ വലിയ കുഴിയാണിതെന്നറിയാതെ യാത്രക്കാര്‍ വീണ് അപകടമുണ്ടാകും.
പാലാരിവട്ടം- കാക്കനാട് മെട്രോ നിര്‍മാണം നടക്കുന്ന റോഡില്‍ ഡ്രൈവിംഗ് അസാധ്യമാണെന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. റോഡ് കൊച്ചി മെട്രോ റെയിലിന്റെ നിയന്ത്രണത്തിലാണെങ്കിലും ജില്ലാ കളക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടി സമര്‍പ്പിക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു. കുഴിയില്‍ വീണും റോഡ് മോശമായതിനാലും ഉണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിതമെന്ന് കരുതാവുന്നതാണെന്ന് മുന്‍ ഉത്തരവുകളില്‍ പറഞ്ഞിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ വിശദീകരണം നല്കിയിട്ടുള്ളതായി ദേശീയപാത അഥോറിറ്റി അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ പരിഹാര നടപടികളാകും. മറ്റിടങ്ങളില്‍ നിര്‍മാണം മുടങ്ങാതെ നടക്കുന്നതായും അഥോറിറ്റി വ്യക്തമാക്കി.
Kerala
കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി. പല സ്കൂളുകളും ഒരു നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നത്. സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോയെന്നും കോടതി ചോദിച്ചു.
കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോടാണ് ജസ്റ്റീസ് ഡി.കെ.സിംഗിന്റെ വാക്കാലുള്ള പരാമർശം. പാലക്കാടുള്ള ഒരു എയ്ഡഡ് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പിന് അതിന്റെ നടപടിക്രമങ്ങള്‍ നല്‍കിയിട്ടും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയില്‍ കോടതി ഇടപെട്ടിരുന്നു.
എന്നാല്‍ കോടതി ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
Kerala
കൊച്ചി: സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസിലറായ ഗവർണറെയും കോടതി വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിലെ വിധിപ്പകർപ്പിലാണ് കോടതിയുടെ വിമർശനം.
ഡോ.മോഹൻ കുന്നുമ്മലിന് കേരള സർവകലാശാല വിസിയുടെ താത്കാലിക ചുമതല നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. സ്ഥിരം വിസി നിയമനം വൈകിയത് കൊണ്ടാണ് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി താത്കാലിക വിസിയെ നിയമിച്ചതെന്ന ഗവർണറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Kerala
കൊച്ചി: ഇന്ത്യയിലെത്തുന്ന വിദേശികളുടെ നീക്കങ്ങള്‍ ഫോറിനേഴ്സ് ആക്ട് പ്രകാരം നിയന്ത്രിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ ഭാഗംകൂടി കേള്‍ക്കണമെന്നു ഹൈക്കോടതി. വയനാട് കല്‍പ്പറ്റയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നേപ്പാള്‍ സ്വദേശികളെ ജാമ്യം ലഭിച്ചിട്ടും ഷെല്‍ട്ടര്‍ ഹോമില്‍ അടച്ച നടപടി നിയമവിരുദ്ധമെന്നു വ്യക്തമാക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ഇവരുടെ ഭാഗംകൂടി കേട്ട് ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാന്‍ കോഴിക്കോട് ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്കു കോടതി നിര്‍ദേശം നല്കി. ജാമ്യം ലഭിച്ചിട്ടും സഞ്ചാരസ്വാതന്ത്ര്യവും ജീവനോപാധിയും നിഷേധിക്കുന്നതിനെതിരേ മഞ്ജു സൗദ്, ഭര്‍ത്താവ് അമര്‍, മകന് റോഷന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഉത്തരവ്.
കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ ഹൗസ് കീപ്പര്മാരായാണു ഹര്‍ജിക്കാര്‍ ജോലിചെയ്തിരുന്നത്. ഇതിനിടെ മകന്റെ സുഹൃത്തായ നേപ്പാള്‍ സ്വദേശിനി മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ മഞ്ജു കഴുത്തുഞെരിച്ച് കൊന്നുവെന്നാണു കേസ്. 2024 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇവര്‍ അറസ്റ്റിലായത്. വിഷയത്തില്‍ സ്വാഭാവികനീതി ഉറപ്പാക്കണമെന്നും അതേസമയം ഹര്‍ജിക്കാര്‍ നിയമത്തിന്റെ പിടിയില്‍നിന്നു വഴുതിപ്പോകാന്‍ ഇടയാകരുതെന്നും കോടതി പറഞ്ഞു. ഒരു മാസംകൂടി മാനന്തവാടി ആറാട്ടുതറ ട്രാന്‍സിറ്റ് ഹോമില്‍ തുടരണം. അതിനകം ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസര്‍ പുതിയ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹര്‍ജിക്കാര്‍ക്കു പറയാനുള്ളത് കേള്‍ക്കാതെയാണ് ഇവരെ ട്രാന്‍സിറ്റ് ഹോമിലാക്കിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം. വിചാരണ നടപടികള്‍ക്കടക്കം ഇവര്‍ക്കു യാത്ര ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭരണഘടന പറയുന്ന മൗലികാവകാശങ്ങള്‍ വിദേശികള്‍ക്കു ബാധകമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
മൗലികാവകാശങ്ങളില്‍ പലതിലും പൗരന് എന്നല്ല വ്യക്തി എന്നാണു പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാശില്പികള് ഇതു ദീര്‍ഘവീക്ഷണത്തോടെ ചെയ്തതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യവും ടൂറിസവുമെല്ലാം കൂടുതല്‍ ഉദാരമായ കാലഘട്ടമാണിത്. ഇവിടെയെത്തുന്ന വിദേശികളുടെ പരിമിതമായ അവകാശങ്ങളെക്കുറിച്ചെങ്കിലും നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും സ്വര്ണക്കൂട്ടിലായാലും ബന്ധനം ബന്ധനം തന്നെയെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: കമൽഹാസൻ നായകനായ തമിഴ് സിനിമ "തഗ് ലൈഫ്’ സംസ്ഥാനത്തു റിലീസ് ചെയ്യാൻ സംരക്ഷണം ഒരുക്കാമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇതോടെ ബംഗളൂരു സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജസ്റ്റീസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരുടെ ബെഞ്ച് തീർപ്പാക്കി.
നിർമാതാക്കൾക്കു സിനിമ റിലീസ് ചെയ്യുന്നതിനുള്ള തടസം ഇതോടെ നീങ്ങി. കമൽഹാസന്റെ കന്നഡ വിരുദ്ധ പരാമർശത്തിന്റെ പേരിൽ സിനിമ റിലീസ് ചെയ്യുന്നത് ചില സംഘടനകൾ തടഞ്ഞിരുന്നു. തുടർന്നാണു വിഷയം സുപ്രീംകോടതിയിൽ എത്തിയത്. ഒരു പരാമർശത്തിന്റെ പേരിൽ സർഗാത്മക സൃഷ്ടികൾ നിർത്താൻ പറയുന്ന പ്രവണതകൾ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമാനമായ നിലപാടായിരുന്നു കേസ് ആദ്യം പരിഗണിച്ചപ്പോഴും കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നിഷ്ക്രിയത്വം കാണിച്ച സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു.
എന്നാൽ സംരക്ഷണം ഏർപ്പെടുത്തുമെന്ന സംസ്ഥാനത്തിന്റെ നിലപാടിനെ കോടതി ഇന്നലെ അഭിനന്ദിച്ചു. അതേസമയം കോടതി ഉത്തരവ് ലഭിച്ചിട്ടും സിനിമ കർണാടകയിൽ റിലീസ് ചെയ്യാനാകില്ലെന്നാണു വിതരണക്കാർ വ്യക്തമാക്കുന്നത്. മറ്റു സിനിമകൾ എത്തിയതിനാൽ തിയേറ്ററുകളിലൊന്നിലും ഒഴിവില്ലാത്തതാണു കാരണം.
Kerala
കൊച്ചി: കേരള തീരത്ത് മുങ്ങിയ എംഎസ്സി എൽസ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സി കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതി നിർദേശം. വിഴിഞ്ഞം തുറമുഖത്ത് നിലവിൽ നങ്കൂരമിട്ടിരിക്കുന്ന ലൈബീരിയൻ പതാക പേറുന്ന എംഎസ്സി മാൻസ-എഫ് എന്ന കപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്കി.
ആറു കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച ശേഷം കപ്പലിന് പോകാവുന്നതാണെന്നും ജസ്റ്റീസ് അബ്ദുൾ ഹക്കീം വ്യക്തമാക്കി. മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന ടൺ കണക്കിന് കശുവണ്ടി നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ആറു കോടിയുടെ നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്സിയുടെ വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും പരാതിക്കാർ ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം അംഗീകരിച്ച കോടതി, ആറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവയ്ക്കാൻ കമ്പനിയോട് നിർദേശിക്കുകയായിരുന്നു.
നേരത്തെ, എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.